ന്യൂഡൽഹി: ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതിന്റെ ചുവടുപിടിച്ച് എസ്ബിഐ വീണ്ടും വായ്പാ നിരക്ക് ഉയർത്തി. പലിശനിരക്കിൽ 20 ബേസിക് പോയന്റിന്റെ വർധനയാണ് വരുത്തിയത്. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശയും വർധിപ്പിച്ചിട്ടുണ്ട്. അരശതമാനത്തിന്റെ വർധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിലായി.
ആർബിഐ റിപ്പോ നിരക്ക് അരശതമാനം വർധിപ്പിച്ചതിന് പിന്നാലെയാണ് ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്കിൽ 20 ബേസിക് പോയന്റിന്റെ വർധന വരുത്തിയത്. മൂന്നുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടുന്നത്. എംസിഎൽആർ നിരക്ക് അധിഷ്ഠിത വായ്പ എടുക്കുന്നവുടെ ഇഎംഐ ചെലവ് ഇനിയും ഉയരും. നിലവിൽ വായ്പ എടുത്തിട്ടുള്ളവർക്കും പുതുതായി വായ്പ എടുക്കുന്നവർക്കും ഇത് ബാധകമാകും.
നിലവിൽ ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്ക് 7.55 ശതമാനമാണ്. ഇത് 8.05 ശതമാനമായാണ് വർധിപ്പിച്ചത്. റിപ്പോനിരക്കിനെ അടിസ്ഥാനമായുള്ള പലിശനിരക്ക് 7.15 ശതമാനത്തിൽ നിന്ന് 7.65 ശതമാനമായാണ് വർധിപ്പിച്ചത്.