ന്യൂഡൽഹി: സിംബാബ്വെയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ കെ.എൽ.രാഹുൽ ഇന്ത്യൻ ടീമീനെ നയിക്കും. പരുക്കു ഭേദമായി കായികക്ഷമത വീണ്ടെടുത്തതിനെ തുടർന്നാണ് രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചതെന്നു ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും രാഹുൽ ഉൾപ്പെട്ടിരുന്നു.
‘ബിസിസിഐ മെഡിക്കൽ ടീം കെ.എൽ.രാഹുലിനെ പരിശോധിച്ചു. സിംബാബ്വെയിൽ നടക്കാനിരിക്കുന്ന മൂന്നു മത്സര ഏകദിന പരമ്പരയിൽ കളിക്കാൻ അനുമതി നൽകി. ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു.’– വാർത്താക്കുറിപ്പിൽ പറയുന്നു.
ശിഖർ ധവാൻ ടീമിന്റെ ഉപനായകനാകുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ ജൂലൈ 30ന് ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗ പട്ടികയിൽ രാഹുലുണ്ടായിരുന്നില്ല. ശിഖർ ധവാൻ ടീമിനെ നയിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ആഗസ്റ്റ് 18, 20, 22 തിയ്യതികളിൽ ഹാരാരെ സ്പോർട്സ് ക്ലബ്ബിലാണ് ഏകദിന മത്സരങ്ങൾ നടക്കുക.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും കെ.എൽ രാഹുൽ ഇടംപിടിച്ചിരുന്നു. ഒരിടവേളക്ക് ശേഷമാണ് രാഹുൽ നീലക്കുപ്പായമണിയുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കിടെയാണ് രാഹുലിന് പരിക്കേറ്റത്. തുടർന്ന് അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ താരം കളിച്ചിരുന്നില്ല. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായതോടെ നിരവധി പരമ്പരകൾ നഷ്ട്ടപ്പെട്ടു. വെസ്റ്റിൻഡീസ് പര്യടനത്തിന് മുമ്പ് കോവിഡ് ബാധിക്കുകയും ചെയ്തു. എന്നാൽ ഏറ്റവും ഒടുവിൽ ഏഷ്യാകപ്പിന് മുമ്പുള്ള പര്യടനത്തിലേക്ക് രാഹുൽ തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 27ന് യു.എ.ഇയിലാണ് ഏഷ്യാകപ്പ് ടി20 ടൂർണമെൻറ് നടക്കുക.
ഇന്ത്യൻ ടീം:
കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.