ന്യൂഡല്‍ഹി: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെ.എല്‍.രാഹുലും വിരാട് കോലിയും തിരിച്ചെത്തി. ജസ്പ്രീത് ബുംറ പരിക്കുമൂലം കളിക്കില്ല. മലയാളി താരം സഞ്ജു വി സാംസണ് ടീമിൽ ഇടം പിടിക്കാനായില്ല.
ടീമിന്റെ ഉപ നായകൻ കെ എൽ രാഹുലാണ്. സ്പിൻ ബൗളേഴ്സിനെ സഹായിക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ 4 സ്പിന്നർ മാരെ ടീമിലെടുത്തിട്ടുണ്ട്. ജഡേജ, ചാഹല്‍, രവി ബിഷ്നോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
🚨#TeamIndia squad for Asia Cup 2022 – Rohit Sharma (Capt ), KL Rahul (VC), Virat Kohli, Suryakumar Yadav, Deepak Hooda, R Pant (wk), Dinesh Karthik (wk), Hardik Pandya, R Jadeja, R Ashwin, Y Chahal, R Bishnoi, Bhuvneshwar Kumar, Arshdeep Singh, Avesh Khan.
— BCCI (@BCCI) August 8, 2022
ജസ്പ്രീത് ബുംറയ്ക്ക് പുറമേ പരിക്കുമൂലം ഹര്‍ഷല്‍ പട്ടേലും ടീമില്‍ നിന്ന് പുറത്തായി. ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഓള് റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലുണ്ട്.
മൂന്ന് റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവരാണ് റിസര്‍വ് ലിസ്റ്റിലുള്ളത്.
ബുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ പ്രതീക്ഷിച്ച പോലെ ടീമിൽ ഇടം നേടി.
ഓഗസ്റ്റ് 27 മുതല്‍ യു.എ.ഇയിലാണ് ഇത്തവണ ഏഷ്യ കപ്പ് നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ട്വന്റി 20 മത്സരങ്ങളായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.