ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ കോർട്ടിൽ നിന്ന് സ്വർണം വാരി ഇന്ത്യ. പുരുഷ-വനിത സിംഗിൾസ് സ്വർണനേട്ടങ്ങൾക്ക് പിന്നാലെ പുരുഷ ഡബിൾസ് വിഭാഗത്തിലും ഇന്ത്യ സ്വർണം നേടി. സ്വാതിക് – ചിരാഗ് സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഇംഗ്ലണ്ടിന്റെ ലെയ്ൻ-വെന്റി സഖ്യത്തെയാണ് ഫൈനലിൽ ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്. സ്കോർ: 2115,21-13
ബാഡ്മിന്റണിൽ പി.പി സിന്ധുവും ലക്ഷ്യ സെന്നും സ്വർണം നേടിയിരുന്നു. പുരുഷ സിംഗിൾസ് ഫൈനലിൽ മലേഷ്യൻ താരം ങ് സി യോങ്ങിനെ ത്രില്ലർ പോരാട്ടത്തിൽ തകർത്താണ് ലക്ഷ്യയുടെ സ്വർണ മെഡൽനേട്ടം.
നേരത്തെ വനിതാ സിംഗിൾസ് ഫൈനലിൽ കനേഡിയൻ താരം മിഷേൽ ലീയെ പരാജയപ്പെടുത്തി പി.വി സിന്ധു സ്വർണം ചൂടിയിരുന്നു.
ഒരു രാജ്യാന്തര കായികമാമാങ്കത്തിൽ സിന്ധുവിന്റെ ആദ്യ സ്വർണനേട്ടം കൂടിയാണിത്. കഴിഞ്ഞ തവണ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. 2018ലെ ഏഷ്യൻ ഗെയിംസിലും താരത്തിന് വെള്ളിയാണ് ലഭിച്ചത്. 2016ലെ റിയോ ഒളിംപിക്സിൽ വെള്ളിയും കഴിഞ്ഞ ടോക്യോ ഒളിംപിക്സിൽ വെങ്കലവുമാണ് ലഭിച്ചത്.