ബർമിങ്ങാം: കോമൺവെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്കു വെള്ളി. ഫൈനലിൽ ഓസ്ട്രേലിയയോട് ഏകപക്ഷീയമായ ഏഴു ഗോളുകളുടെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഓസ്ട്രേലിയ തുടർച്ചയായി ഏഴാം തവണയാണ് ഗെയിംസ് ഹോക്കിയിൽ സ്വർണം നേടുന്നത്.
നതാന്‍ എഫ്രോംമ്സ്, ജേക്കബ് ആന്ഡേഴ്സണ് എന്നിവരുടെ ഇരട്ട ഗോളുകളും ബ്ലേക്ക് ഗോവേഴസ്, ടോം വിക്കാം, ടിം ബ്രാന്‍ഡ് എന്നിവര്‍ ഓരോ ഗോളുമാണ് ഓസീസിന് കൂറ്റന്‍ ജയമൊരുക്കിയത്.
ദക്ഷിണാഫ്രിക്കയെ 3–2ന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ സ്വർണം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. വെള്ളി മെഡൽ നേട്ടത്തോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 61 ആയി.
അതേസമയം, ഹോക്കിയില്‍ ഇന്ത്യയുടെ മൂന്നാം വെള്ളിയാണിത്. 2010, 2014 വര്‍ഷങ്ങളില്‍ ഇന്ത്യക്ക് വെള്ളിയുണ്ടായിരുന്നു. 1998ല്‍ നാലാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. 2006ല്‍ ആറാം സ്ഥാനത്തായി. 2018ല്‍ നാലാം സ്ഥാനത്ത് അവസാനിപ്പിക്കാനാണ് ആയത്. 2010 ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ എതിരില്ലാത്ത എട്ട് ഗോളിന് തോറ്റു. 2014ല്‍ 4-0ത്തിനായിരുന്നു തോല്‍വി. ഇപ്പോള്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കും.