സൗദിയിൽ ഇനി ട്രെയിൻ നിയന്ത്രിക്കാൻ 31 വനിത ലോക്കോ പൈലറ്റുകൾ പരിശീലനം പൂർത്തിയാക്കി. ഹൈ സ്പീഡ് റെയിൽ നിയന്ത്രിക്കുന്ന കൺസോർഷ്യത്തിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സ്പാനിഷ് കമ്പനിയായ റെൻഫെയും സൗദി റെയിൽവേ പോളിടെക്നിക്കും (എസ്ആർപി) ചേർന്നാണ് പരിശീലനം നൽകിയത്.
ജനുവരിയിലാണ് ലോക്കോ പൈലറ്റ് പരിശീലനം ആരംഭിച്ചിരുന്നത്. ആദ്യഘട്ട പരിശീലനമാണ് ഇപ്പോൾ പൂർത്തിയായത്.ഡിസംബറോടെയാണ് മുഴുവൻ പരിശീലനവും പൂർത്തിയാക്കുന്നത്. ഇപ്പോള്‍ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലീനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ പരിശീലനം കൂടെ പൂർത്തിയാകുന്നതോടെ ഇവര്‍ സൗദിയിൽ ട്രെയിനുകള്‍ ഓടിക്കും .
ജിദ്ദ വഴി മക്കയ്ക്കും മദീനയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഹറമൈൻ ഹൈ സ്പീഡ് ട്രെയിനിലാണ് പരിശീലനം പൂർത്തിയാക്കിയത്. ട്രാഫിക് നിയന്ത്രണങ്ങള്‍, തീപിടിത്തം, സുരക്ഷ, ജോലി അപകടങ്ങള്‍, ട്രെയിനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്.