”മംഗലം ഒന്നും കയ്ക്കണ്ട,നല്ലോണം പഠിച്ച് പണിയാക്കണം’ എന്നിറ്റ് സുഖമായിട്ട് ജീവിക്ക അന്നേരം ഇമ്മക്ക് പറ്റിയ ആരെയെങ്കിലും കണ്ടാൽ നോക്കാ” ഈ വാക്കുകൾക്ക് ഇന്ന് സമൂഹത്തിൽ അത്രതന്നെ സ്വാധീനമുണ്ട്.ഒപ്പം ഇതിന്റെ ഉടമക്കും.
മാളിയേക്കൽ മറിയുമ്മ അഥവാ ഇംഗ്ലീഷ് മറിയുമ്മ ഓർമയാകുമ്പോൾ തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപാടുകൾ പതിപ്പിച്ചു നടന്ന വ്യക്തി കൂടിയാണ് ഓർമ്മയാകുന്നത്.മലബാറിലെ മനുഷ്യർക്ക് മറിയുമ്മയുടെ വേർപാട് ഒരു വലിയ നഷ്ടം തന്നെയാണ്.
അന്ന് മുസ്ലീം പെൺകുട്ടിയുടെ ജീവിതം അത്രമേൽ പോരാട്ടവും വെല്ലുവിളികളും നിറഞ്ഞതായിട്ട് കൂടി മലബാറിന്‍റെ മണ്ണിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിത മലബാറിലെ സ്ത്രീകൾക്കിടയിൽ ചെലുത്തിയ സ്വാധീനവും അത്ര തന്നെ വലുതാണ്.മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പഠിക്കുകയെന്നത് ആലോചിക്കാന്‍പോലും കഴിയാതിരുന്ന കാലത്താണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്.പ്രായമായിട്ടും ഇംഗ്ലീഷ് സംസാരിക്കുകയും ദിവസവും ഇംഗ്ലീഷ് പത്രം വായിക്കുകയും ചെയ്യുമായിരുന്നു 97 കാരിയായ മറിയുമ്മ.
തലശ്ശേരി കോണ്‍വെന്റ് സ്‌കൂളിലായിരുന്നു മറിയുമ്മയുടെ പഠനം. 1938-1943 കാലത്ത് കോണ്‍വെന്റ് സ്‌കൂളിലെ ഏക മുസ്ലിം പെണ്‍കുട്ടിയായിരുന്നു മറിയുമ്മ. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത ദേശീയവാദിയായ പിതാവ് യാഥാസ്ഥിതികരുടെ എതിര്‍പ്പുകള്‍ക്ക് വിലകല്‍പ്പിച്ചില്ല.1943-ൽ ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോഴായിരുന്നു മിലിട്ടറി റിക്രൂട്ട്മെന്റ് ഓഫീസറായിരുന്ന മായിനലിയുമായിട്ടുള്ള മറിയുമ്മയുടെ വിവാഹം. വിവാഹശേഷം പഠിക്കാന്‍ ഭർത്താവും പ്രോത്സാഹിപ്പിച്ചു.
കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് എം.ഇ.എസ്. യോഗത്തില്‍ ഷേക് അബ്ദുള്ളയുടെ സാന്നിധ്യത്തില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ മറിയുമ്മയ്ക്ക് അവസരം ലഭിച്ചിരുന്നു. മുസ്ലിം പെണ്‍കുട്ടി ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ചരിത്രസംഭവമായിരുന്നു. രാഷ്ട്രീയപരമായി എന്നും ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്ന പാരമ്പര്യമാണ് മാളിയേക്കല്‍ തറവാടിന്റേത്. 1957-ലെ തിരഞ്ഞെടുപ്പില്‍ വി.ആര്‍.കൃഷ്ണയ്യര്‍ക്കു വേണ്ടിയും മറിയുമ്മ പ്രവര്‍ത്തിച്ചു.തലശ്ശേരി വര്‍ഗീയകലാപകാലത്ത് ഒട്ടേറെ പേര്‍ക്ക് മാളിയേക്കല്‍ വീട് അഭയമായിരുന്നു. കലാപത്തെത്തുടര്‍ന്ന് സമാധാനയോഗം നടന്നത് മാളിയേക്കലിലായിരുന്നു.
മാളിയേക്കൽ തറവാട്ടുകാർ ഒരു റേഡിയോ വാങ്ങിയക്കാലത്ത് നാട്ടിൽ ഉണ്ടായ എതിർപ്പുകളെ മറിയുമ്മ നേരിട്ടത് റേഡിയോയെക്കുറിച്ച് ഒരു പാട്ട് എഴുതികൊണ്ടാണ്.ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിള സമാജത്തിന്റെ പ്രവർത്തനത്തിൽ മറിയുമ്മ ഏർപ്പെട്ടു. സ്ത്രീധനത്തിനെതിരായി പോരാടി.സ്‌ത്രീകൾക്കുവേണ്ടി തയ്യൽ ക്ലാസുകളും സാക്ഷരത ക്ലാസുകളും നടത്തി.മലബാറിലെ തനതായ വിഭവങ്ങള്‍ രുചിയോടെ തയ്യാറാക്കുന്നതിലും മറിയുമ്മയുടെ കൈപ്പുണ്യം എടുത്തുപറയേണ്ടതാണ്. പാചക മത്സരങ്ങളിൽ പോലും മറിയുമ്മ വിധികർത്താവായി. അങ്ങനെ ഒരുപാട് സഹനത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും രുചിയുടെയും പാതകൾ താണ്ടിയ വഴിയാണ് മാളിയേക്കൽ മറിയുമ്മയുടേത്.
‘അവകാശം എന്നത് ആണെന്നോ പെണ്ണെന്നോ ഭേദചിന്തയില്ലാതെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനും അനുഭവിക്കാനുമുള്ളതാണെന്നാണ്’ മറിയുമ്മയുടെ അഭിപ്രായം. മറിയുമ്മ വിടപറയുമ്പോൾ ഭാഷയും രുചിയും കൊണ്ട് പെരുമ നേടിയ തലശേരിയുടെ മണ്ണിൽ പെൺകരുത്തിന്റെ ചിരിക്കുന്ന മുഖമായി മറിയുമ്മയുടെ ഓർമ്മകൾ ഉണ്ടാകും.