ബര്‍മിങ്ങാം: ലോൺ ബോൾസിൽ ചരിത്രം കുറിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായി ഇന്ത്യ ഈയിനത്തിൽ മെഡൽ നേടിയിരിക്കുകയാണ്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ഇന്ത്യൻ വനിതകൾ സ്വർണമെഡൽ നേട്ടവുമായാണ് ചരിത്രപുസ്തകത്തിൽ ഇടംനേടിയത്.
17-10 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം. ലവ്ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്ക് ചരിത്രമെഡല്‍ സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 10 ആയി.
ജൂഡോയിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ട് മെഡൽ ലഭിച്ചു. വനിതാ വിഭാഗത്തിൽ സുശീലാ ദേവി വെള്ളി നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ വിജയ് കുമാർ യാദവ് വെങ്കലം സ്വന്തമാക്കി. 48 കിലോ ഗ്രാം വിഭാഗത്തിലായിരുന്നു സുശീലാ ദേവി ലിക്മാബാമിൻ്റെ മെഡൽ. കോമൺവെൽത്ത് ഗെയിംസിൽ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്. പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ സൈപ്രസിൻറെ പെട്രോസ് ക്രിസ്റ്റോഡിലോഡൂഡ്സിനെ കീഴടക്കിയാണ് വിജയ് കുമാർ യാദവ് വെങ്കലം നേടിയത്.