സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിന്റെ അവസാന തീയതി നീട്ടി. നാളെ അഞ്ച് മണി വരെയാണ് സമയം നീട്ടി നൽകിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാൽ വെബ്സൈറ്റിന്റെ സെർവർ തകരാർ പലവട്ടം ആവർത്തിച്ചത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാക്കിയിരുന്നു. ഓപ്ഷനുകളിൽ മാറ്റം വരുത്തി പ്രവേശനം ഉറപ്പാക്കാൻ വിദ്യാർത്ഥികൾക്ക് ആദ്യം നൽകിയിരുന്ന സമയപരിധി ഇന്നു വൈകിട്ട് അഞ്ചു മണി വരെയായിരുന്നു. ഡേറ്റാ സെന്റർ, ഐ.ടി മിഷൻ, എൻ.ഐ.സി എന്നിവ കൂടുതൽ സർവറുകൾ സജ്ജമാക്കി ഇന്നലെ രാവിലെ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ പതിനൊന്നു മണിയോടെ വീണ്ടും തകരാറിലായി. ഉച്ചയോടെയാണ് വിദ്യാർത്ഥികൾക്ക് തടസം കൂടാതെ സൈറ്റ് നോക്കാനായത്.
പ്രശ്നം പരിഹരിച്ചെന്ന് അറിയിച്ചെങ്കിലും ഒട്ടേറെ കുട്ടികൾക്ക് തിരുത്തലിന് സാധിച്ചിരുന്നില്ല. പിന്നാലെയാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ച് സമയ പരിധി നീട്ടാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്മെന്റ് പ്രഖ്യാപിക്കും. അന്നും കുട്ടികൾ കൂട്ടത്തോടെ പരിശോധന നടത്തുമ്പോൾ സർവർ തകരാർ സംഭവിക്കുമെന്ന് ആശങ്കയുണ്ട്. എന്നാൽ, ആവശ്യമായ സർവറുകൾ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ രാത്രി 7.30 വരെ 2,67,326 പേർ അലോട്ട്മെന്റ് പരിശോധിച്ചു. അവരിൽ, 99,0153 പേർ ഓപ്ഷനുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുഴുവൻ എ പ്ളസ് നേടിയ കുട്ടികളിലേറെയും ട്രയൽ അലോട്ട്മെന്റിൽ ഇടം നേടിയിട്ടുണ്ട്. ആദ്യ ഓപ്ഷനായി കൊടുത്ത സ്കൂൾ പലർക്കും ലഭിച്ചിട്ടുണ്ട്. നാലു സെർവറുകളിൽ ഒരേസമയം ഒരു ലക്ഷത്തിലേറെ പേർ കയറിയതാണ് പ്രശ്നത്തിന് കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞുിരുന്നു.