ന്യൂഡൽഹി: നേമം ടെർമിനൽ വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചെന്ന് മന്ത്രിമാരായ ജി.ആർ.അനിൽ, ആന്റണി രാജു, വി.ശിവൻകുട്ടി എന്നിവരുടെ പരാതി. കൂടിക്കാഴ്ച നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകുമെന്ന് മന്ത്രിമാർ പറഞ്ഞു.
റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുൻപ് അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്തിടപ്പാടുകളും നടത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച ഡൽഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോൾ റെയിൽവേ മന്ത്രി ലൈനിലില്ലെന്ന മറുപടിയാണ് നൽകിയത്. റെയിൽവേ സഹമന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
കേന്ദ്രമന്ത്രിയുടെ സമീപനം ജനാധിപത്യവിരുദ്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കും. കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയ്ക്കായി നേരത്തെ തന്നെ അനുമതി ചോദിച്ചിരുന്നു. ഡല്‍ഹിയിലെത്തിയാല്‍ ഇന്നോ നാളെയോ കാണാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് പ്രകാരമാണ് കേരളത്തില്‍ നിന്നെത്തിയത്. എന്നാല്‍ ഇന്ന് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയപ്പോള്‍ കാണാന്‍ കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും വി ശിവന്‍കുട്ടി കേരള ഹൗസില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷുമായും റെയില്‍വേ ബോര്‍ഡ് ചെയര്മാന് വി കെ തൃപാഠിയുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രിതല സംഘം സംസ്ഥാനത്തിന്റെ നിവേദനം കൈമാറി. നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വ്യക്തത തേടിയാണ് നിവേദനം കൈമാറിയത്.