എസ്എസ് സി അഴിമതിക്കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ വസതിയിൽ മോഷണം.ബുധനാഴ്ച രാത്രിയാണ് സൗത്ത് 24 പർഗാനാസിലെ പാർത്ഥയുടെ വീട്ടിൽ കള്ളൻ കയറിയത്. നിലവിൽ ഇ ഡി യുടെ കസ്റ്റഡിയിലാണ് പാർത്ഥ ചാറ്റർജി. അദ്ദേഹത്തിന്റെ അടുത്ത അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പാർത്ഥ ചാറ്റർജി അറസ്റ്റിലാകുന്നത്.
വീടിന്റെ പൂട്ട് തല്ലിപൊട്ടിച്ചാണ് കള്ളൻ വീടിനുള്ളിൽ കയറുന്നത്. പാർത്ഥ ചാറ്റർജിയുടെ വീട്ടിൽ നിന്നും നിരവധി സാധനങ്ങൾ കള്ളൻ മോഷ്ടിച്ചുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. വലിയ ബാഗുകളിലായി സാധനങ്ങൾ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്നും ഇഡി ഉദ്യോഗസ്ഥരാണെന്ന് കരുതിയാണ് ചോദ്യം ചെയ്യാഞ്ഞതെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.