കൊച്ചി: സിഎസ്ഐ ദക്ഷിണകേരള ബിഷപ് ധർമരാജ് റസാലത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു വിട്ടയച്ചു. കാരക്കോണം മെഡിക്കൽ കോളജിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ചോദ്യചെയ്യലിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ബിഷപ്പ് പ്രതികരിച്ചില്ല.
ബിഷപ്പിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും ഇത് തുടരുമെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ബിഷപ്പ് മടങ്ങി.
ബിഷപ്പിന് പുറമേ സഭാ സെക്രട്ടറി ടി ടി പ്രവീൺ, കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹം എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവരെയും വരും ദിവസങ്ങളിൽ കേസ് അന്വേഷിക്കുന്ന ഇഡി സംഘം ചോദ്യം ചെയ്യും. ഇന്നലെ യുകെയിലേക്കു പോകാനായി ബിഷപ് ധർമരാജ് റസാലം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയെങ്കിലും ഇഡിയുടെ നിർദേശമുള്ളതിനാൽ യാത്രാനുമതി ലഭിച്ചിരുന്നില്ല.
ഇന്നലെ പുലർച്ചെ വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ബിഷപ്പിനെ തടയുകയായിരുന്നു. തുടർന്ന് ഇ ഡിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെ ഇ.ഡി ചോദ്യംചെയ്തിരുന്നു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കൽ കോളജിലും നടന്ന പരിശോധന 13 മണിക്കൂർ നീണ്ടുനിന്നിരുന്നു.