വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്ക് മത്സരം ആരംഭിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇന്ന് ഇറങ്ങുക. അതേസമയം, ഒരു കളിയെങ്കിലും ജയിക്കുകയെന്നതാണ് വെസ്റ്റ് ഇൻഡീസിൻ്റെ ലക്ഷ്യം. ആവേശം നിറഞ്ഞതായിരുന്നു രണ്ട് മത്സരങ്ങളും. രണ്ട് കളിയും അവസാന ഓവർ വരെ നീണ്ടു. ആദ്യ മത്സരത്തിൽ 3 റൺസിനും രണ്ടാം മത്സരത്തിൽ 2 വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ കളിയിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിൻ്റെ ഒരു സേവ് നിർണായകമായപ്പോൾ രണ്ടാമത്തെ കളിയിൽ താരം ഏകദിന കരിയറിലെ ആദ്യ ഫിഫ്റ്റി നേടി.
ഏകദിനത്തിലെ ഓപ്പണിംഗ് സ്ലോട്ടിൽ താൻ സെറ്റാണെന്ന് യുവതാരം ശുഭ്മൻ ഗിൽ വിളംബരം നടത്തിക്കഴിഞ്ഞു. 64, 43 എന്നിങ്ങനെയാണ് ഗില്ലിൻ്റെ സ്കോറുകൾ. അതും 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് സൂക്ഷിച്ച്. ഷോർട്ട് ബോളുകളിലെ ദൗർബല്യം ഇപ്പോഴുമുണ്ടെങ്കിലും ശ്രേയാസ് അയ്യരും മികച്ചുനിൽക്കുന്നു. 54, 63 എന്നിങ്ങനെയാണ് ശ്രേയാസ് പരമ്പരയിൽ സ്കോർ ചെയ്തത്. ധവാൻ ഒരു കളി തിളങ്ങിയപ്പോൾ അക്സർ പട്ടേൽ രണ്ടാം കളിയിൽ മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ചു. ആ കളിയിൽ മലയാളി താരം സഞ്ജുവും തിളങ്ങി. ദീപക് ഹൂഡയും തെറ്റില്ലാത്ത പ്രകടനമാണ് നടത്തിയത്. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ നിരാശപ്പെടുത്തിയ ഒരേയൊരു താരം സൂര്യകുമാർ യാദവാണ്. 13, 9 എന്നിങ്ങനെയാണ് സൂര്യയുടെ സ്കോറുകൾ.