ചെന്നൈ: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരായ നവദമ്പതികളെ യുവതിയുടെ പിതാവ് വെട്ടിക്കൊന്നു. കൃത്യത്തിനു ശേഷം ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
തൂത്തുക്കുടിയിലാണ് സംഭവം. മകളെ വിവാഹം ചെയ്ത യുവാവിന് വിദ്യാഭ്യാസമില്ലെന്ന കാരണത്താലാണ് വീട്ടുകാർ എതിർത്തത്. വിവാഹത്തിനു ശേഷം യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവും യുവതിയും പോലീസ് സ്റ്റേഷനിൽ ഹാജരായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതായി അറിയിച്ചു.
സ്റ്റേഷനിൽ നിന്ന് വീഡിയോ കോളിൽ യുവതിയുടെ മാതാപിതാക്കളുമായും ദമ്പതികൾ സംസാരിച്ചു. ഗ്രാമത്തിലെ മുതിർന്നവരും ഇടപെട്ട് വീട്ടുകാരോട് ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകളെയും ഭർത്താവിനെയും അവർ താമസിച്ചിരുന്ന വാടകവീട്ടിൽ കയറി പിതാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് ഇയാൾ പോലീസിൽ കീഴടങ്ങി. യുവതി കോളജ് വിദ്യാർഥിനിയാണ്. എന്നാൽ അവളുടെ ഭർത്താവ് സ്കൂൾ കഴിഞ്ഞ് പഠിച്ചിട്ടില്ല. ഇതായിരുന്നു യുവതിയുടെ വീട്ടുകാരുടെ എതിർപ്പിന് കാരണമെന്ന് പോലീസ് പറയുന്നു.