കൊച്ചി: സിൽവർലൈൻ പദ്ധതി നല്ല ആശയമാണെന്നും നടപ്പാക്കുന്നതിൽ സർക്കാർ ധൃതി കാട്ടിയെന്നും ഹൈക്കോടതി. വിഷയത്തിൽ കോടതിയെ കുറ്റപ്പെടുത്തുന്ന നടപടിയാണു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. കെ–റെയിൽ പദ്ധതിയുടെ സർവേകൾക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോഴാണു കോടതിയുടെ പരാമർശം.
നല്ല പദ്ധതിയാണെങ്കിലും നടപ്പാക്കേണ്ട രീതിയിലല്ല മുന്നോട്ടു പോകുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതിയുമായി മുന്നോട്ടു പോകാൻ. കോടതി ആരുടെയും ശത്രുവല്ലെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹർജികൾ അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും.
പദ്ധതി നടപ്പാക്കാൻ സർക്കാർ അനാവശ്യ ധൃതി കാണിച്ചെന്നും നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മഞ്ഞകുറ്റി ഉപയോഗിച്ചുള്ള സർവ്വേ ഇനി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. കോടതി പറഞ്ഞത് സർക്കാർ ആദ്യം തന്നെ കേൾക്കണമായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയെ കുറ്റപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചത്. കോടതി ആരുടെയും ശത്രു അല്ല. ഇപ്പോൾ കേന്ദ്ര സർക്കാർ കൈ ഒഴിഞ്ഞില്ലെയെന്നും കോടതി ചോദിച്ചു.
സാമൂഹിക ആഘാത പഠനവും ജിയോ ടാഗിംഗുമായി മുന്നോട്ട് പോകുകയാണോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്റെ സ്റ്റാറ്റസ് എന്താണെന്ന് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്ന് പറഞ്ഞ കോടതി, പദ്ധതി നടപ്പാക്കാൻ സർക്കർ ധൃതി കാണിച്ചുവെന്നും കുറ്റപ്പെടുത്തി.
സാമൂഹികാഘാത പഠനത്തെ കേന്ദ്രസർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. അതേസമയം, സർവ്വേ കല്ലുകൾ ഉപയോഗിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാൻ സർക്കാർ രണ്ടാഴ്ച കൂടി സാവകാശം തേടിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും വീണ്ടും വിമര്‍ശനങ്ങളുയരുന്നത്. സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നു. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല. കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയിട്ടില്ല.