ന്യൂഡല്‍ഹി: സോണിയ ഗാന്ധിക്കെതിരായ ഇ. ഡി നടപടിയിൽ പ്രതിഷേധിച്ച് രാജ്ഘട്ടിൽ സത്യാഗ്രഹം നടത്താൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചുവെന്ന് കോൺഗ്രസ്. നാളെ എ.ഐ.സി.സി ആസ്ഥാനത്ത് സത്യഗ്രഹം സംഘടിപ്പിക്കും. നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
പ്രതിപക്ഷ കക്ഷി നേതാക്കളുമായി രാവിലെ നടത്തുന്ന ചർച്ചയില്‍ പാർലമെന്റിലെ പ്രതിഷേധ രീതിക്ക് അന്തിമ രൂപം നൽകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. നാളെ രാജ്യവ്യാപക സത്യാഗ്രഹ സമരത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തത്. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം.
ഡൽഹിയിലെ സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതിയംഗങ്ങളുൾപ്പടെയുള്ളവർ പങ്കെടുക്കും. സമരം സമാധാനപരമായി നടത്താനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്ഘട്ടിനെ സമരത്തിന്റെ പ്രധാന വേദിയാക്കാനുള്ള തീരുമാനം. എന്നാൽ ദില്ലി പൊലീസ് അനുമതി നിഷേധിച്ചതോടെ വേദി മാറ്റുകയായിരുന്നു.
കേസില്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് രണ്ട് മണിക്കൂര്‍ നേരം മാത്രമാണ് സോണിയയെ ചോദ്യം ചെയ്തത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്.