ചെന്നൈ: തമിഴ്നാട്ടിലെ സ്കൂള്‍ ഹോസ്റ്റലില്‍ വീണ്ടും പ്ലസ്ടൂ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തിരുവള്ളൂരിലെ കീഴ്ച്ചേരിയിലുള്ള സ്കൂള്‍ ഹോസ്റ്റലിലാണ് സംഭവം.
രാവിലെ സ്കൂളില്‍ എത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഏറെനേരമായി കാണാത്തതിനെതുടര്‍ന്ന് അധ്യാപകരും സ്കൂള്‍ ജീവനക്കാരും നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ കോമ്പൗണ്ടിന് മുന്നിൽ പ്രതിഷേധിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. കള്ളകുറിച്ചിയിലേതിനു സമാനമായ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കുട്ടിയുടെ മൃതദേഹം തിരുവള്ളൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നാളെ നടക്കും. സ്കൂൾ കാമ്പസുകളിൽ അസ്വാഭാവിക മരണങ്ങൾ നടന്നാൽ സി ബി സി ഐ ഡി നേരിട്ട് അന്വേഷിക്കണം എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവനുസരിച്ച് സി ബി സി ഐഡി കേസ് ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സി ബി സി ഐ ഡി ഡിഐജി സത്യപ്രിയ പറഞ്ഞു.