കുവൈറ്റിലെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹ് ചുമതലയേറ്റു. കിരീടാവകാശി ഷെയ്ഖ് മിഷ്അൽ അഹ്മദ് അൽ സബാഹ് ആണ് അമീർ നൽകിയ പ്രത്യേക ഭരണഘടനാ അധികാരപ്രകാരം പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് പുറപ്പെടുവിച്ചത്.
അമീരി ഉത്തരവ് ദേശീയ അസംബ്ലിയിൽ റിപ്പോർട്ട് ചെയ്ത ശേഷം ഗസറ്റിൽ പ്രസിദ്ധീകരിക്കും.
നിലവിലെ കാവൽ മന്ത്രിസഭയിൽ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഷെയ്ഖ് അഹമ്മദ് നവാഫ്. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ മകൻ കൂടിയാണ് റിട്ടയേഡ് ലഫ്റ്റനന്റ് ജനറലായ ഇദ്ദേഹം.
പുതിയ മന്ത്രിസഭയെ നാമ നിർദ്ദേശം ചെയ്യുന്നതിനുള്ള അധികാരവും അമീരി ഉത്തരവ് പ്രകാരം പുതിയ പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ മന്ത്രി സഭ താമസിയാതെ തന്നെ അധികാരമേൽക്കും. പാർലമെന്റ് അംഗങ്ങൾ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് രാജിവെച്ചത്.