ഇന്ത്യക്കാർ കാർ വാങ്ങുമ്പോൾ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വാഹന നിർമാതാക്കളും സുരക്ഷ കൂടി പരിഗണിച്ചാണ് വാഹനങ്ങൾ പുറത്തിറക്കുന്നത്. വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആൾക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ വിവിധ നിയമങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ കേന്ദ്ര സർക്കാർ അടുത്തു തന്നെ പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന നിയമമാണ് കാറുകൾക്ക് ആറ് എയർ ബാഗുകൾ ഉൾപ്പെടുത്തുക എന്നത്. വിഷയത്തിൽ വാഹന നിർമാതാക്കളുടെയും മേഖലയിലെ മറ്റു പ്രമുഖരുടേയും യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
നിയമം നടപ്പിലായാൽ സാധാരണക്കാർക്ക് കാർ വാങ്ങുക എന്നത് കൂടുതൽ ദുഷ്‌കരമാകുമെന്നാണ് കാർ കമ്പനികളുടെ വാദം. എൻട്രി ലെവൽ കാറുകളുടെ വില കൂടാൻ ഇത് ഇടയാക്കുമെന്നാണ് അവരുടെ വാദം. ആറ് എയർ ബാഗുകൾ വച്ചാൽ അധികച്ചെലവായി വരുന്നത് 6,000 മുതൽ 10,000 രൂപ മാത്രമാണെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. ഇന്ത്യയിൽ കാർ വാങ്ങുന്നവരിൽ 80 ശതമാനം ആൾക്കാരും കാർ വാങ്ങുന്നത് വായ്പ എടുത്തെന്നാണ് കണക്ക്. അങ്ങനെ നോക്കിയാൽ പ്രതിമാസം 150 രൂപ മാത്രമേ വായ്പ തിരിച്ചടവിൽ വർധിക്കുകയുള്ളൂ. സുരക്ഷയ്ക്ക് വേണ്ടി 150 രൂപ അധികം ചെലവാക്കാൻ ജനങ്ങൾ തയാറാകുമെന്നാണ് കേന്ദ്ര സർക്കാർ വാദം.