തൃശൂർ കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അതിജീവിതയെ വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി തിങ്കളാഴ്ച്ച സന്ദർശിക്കും. വിഷയം സംബന്ധിച്ച് പൊലീസ് അധികൃതരോട് അംഗം വിവരങ്ങൾ ആരാഞ്ഞിരുന്നു. സംഭവത്തിൽ അടിയന്തരമായി വിശദമായ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. യുവതിയുടെ ഭർത്താവും ബന്ധുവുമാണ് അറസ്റ്റിലായത്. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്നാണ് വിവരം പുറത്തുവന്നത്. പീഡനദൃശ്യം പകർത്തി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു.
നാല് ദിവസം മുൻപാണ് വിവരങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയുടെ ശരീരത്തിൽ കാര്യമായ ക്ഷതമുണ്ടെന്ന് ഡോക്ടർമാർ മനസിലാക്കി. സ്വകാര്യ ഭാഗങ്ങളിലടക്കം ക്ഷതമുണ്ടെന്ന് മനസിലാക്കിയ ഡോക്ടർമാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് ഭർത്താവിലേക്കും ബന്ധുവിലേക്കും അന്വേഷണം എത്തിയത്. ഭർത്താവും ബന്ധുവും ചേർന്ന് യുവതിയുടെ സ്വകാര്യഭാഗത്ത് ബിയർ കുപ്പി കയറ്റുകയും ഈ ദൃശ്യം പകർത്തി അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ, ഇത് സൂക്ഷിച്ചിരുന്ന പെൻ ഡ്രൈവ് ഉൾപ്പെടെയുള്ളവ പൊലീസ് പിടിച്ചെടുത്തു.