മദ്ധ്യനിര താരം അഡ്രിയാൻ നിക്കോളാസ് ലൂണ റെട്ടാമറുമായുള്ള കരാർ കേരള ബ്ളാസ്റ്റേഴ്സ് രണ്ട് വർഷത്തേക്ക് നീട്ടി. രണ്ട് വർഷത്തെ കരാറിൽ ബ്ളാസ്റ്റേഴ്സിൽ ചേർന്ന ലൂണ, പുതിയ കരാർ അനുസരിച്ച് 2024 വരെ ക്ളബിൽ തുടരും. ക്ലബ്ബ് വൈസ് ക്യാപ്റ്റനായിട്ടായിരുന്നു ക്ലബ്ബിൽ അഡ്രിയാൻ ലൂണ തുടങ്ങിയത്. പിന്നീട് ജെസെൽ കർണെയ്റോ പരിക്കേറ്റ് പുറത്തായതോടെ ലൂണ പകരം ക്യാപ്റ്റനായി. ബ്ലാസ്റ്റേഴ്സിലെ തന്റെ കന്നിസീസണിൽ ആറ് ഗോളുകൾ നേടിയ ലൂണ ഏഴ് ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങുന്ന ലൂണ, ഐഎസ്എൽ ടീം ഓഫ് ദി ഇയറിലും ഇടംനേടി. 2021ലെ സമ്മർ ട്രാൻസ്ഫറിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുൻപ് ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയുമായി കരാർ ഒപ്പിട്ട ലൂണ രണ്ട് വർഷത്തിനിടെ 51 മത്സരങ്ങളിൽ ടീമിനായി കളിച്ചു. 2009ലെ ഫിഫ അണ്ടർ 17 ലോകകപ്പ്, 2011ലെ ഫിഫ അണ്ടർ 20 ലോകകപ്പ് എന്നിവയിലും ഉറുഗ്വേയ്ക്കു വേണ്ടി ലൂണ കളിച്ചിട്ടുണ്ട്.
രണ്ട് ടൂർണമെന്റുകളിൽ ഓരോ ഗോളുമടിച്ചു. ക്ലബ്ബ് കരിയറിൽ 11 വർഷത്തിനിടെ വിവിധ ക്ലബ്ബുകൾക്കായി 364 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ലൂണ, 53 ഗോളും അത്ര തന്നെ അസിസ്റ്റും സ്വന്തമാക്കി. ഐഎസ്എലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരിലൊരാളാണ് ലൂണയെന്നും മഹത്തായ വ്യക്തിത്വമുള്ള അദ്ദേഹം ടീമിലേക്ക് എതെങ്കിലും തരത്തിലുള്ള പ്രത്യേകത കൊണ്ടുവരുന്ന കളിക്കാരനാണെന്നും പരിശീലകൻ ഇവാന വുകോമനോവിച്ച് പറഞ്ഞു. മഞ്ഞപ്പടയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും ബ്ളാസ്റ്റേഴ്സുമായുള്ല കരാർ പുതുക്കിയതിൽ താൻ അഭിമാനിക്കുന്നെന്നും ലൂണ പറഞ്ഞു. ഓരോ കളിയിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും, വരും സീസണിൽ ടീമിന് വേണ്ടി മികച്ച നേട്ടം കൈവരിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലൂണ കൂട്ടിച്ചേർത്തു.