ഇന്നോളം ഏറ്റവുമധികം അഭിനന്ദനങ്ങൾ തനിക്ക് കിട്ടിയത് ബൊമ്മി എന്ന കഥാപാത്രത്തിനാണ്; സന്തോഷം പങ്കുവെച്ച് അപർണ

ശക്തയായ സ്ത്രീയായി വെള്ളിത്തിരയിൽ പകർന്നാടിയതിനാണ് അപർണ ബാലമുരളിയെ തേടി ദേശീയ പുരസ്‌കാരമെത്തിയത്. ചിത്രം റിലീസായതു മുതൽ ഇന്നോളം ഏറ്റവുമധികം അഭിനന്ദനങ്ങൾ തനിക്ക് കിട്ടിയത് ബൊമ്മി എന്ന കഥാപാത്രത്തിനാണെന്ന് അവർ പറയുന്നു. പൊള്ളാച്ചിയിൽ പുതിയ മലയാള ചിത്രം ‘ഉത്തര”ത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അപർണ. ദേശീയ അവാർഡ് പ്രഖ്യാപനത്തിന്റെ ഭാഗമായി ഉച്ചയോടെ തന്നെ മാദ്ധ്യമങ്ങളെല്ലാം അപർണയെ തേടി പൊള്ളാച്ചിയിലെത്തിയിരുന്നു. 

അവരുടെ വാക്കുകൾ…. 

‘ഒരുപാട് സന്തോഷമുണ്ട്. സത്യത്തിൽ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഈ ഒരു എക്സ്പീരിയൻസ് തന്നെ ആദ്യമായിട്ടാണ്. പതിവില്ലാതെ വീട്ടിൽ നിന്നും വിട്ടിട്ട് ഉത്തരം സിനിമയുടെ ലൊക്കേഷനിലാണ്. ലോക്ക്ഡാൺ സമയത്താണ് സിനിമ ഇറങ്ങിയത്. അന്ന് രാത്രി തന്നെ ഒരുപാട് പേർ വിളിച്ച് അഭിനന്ദിച്ചിരുന്നു. രാവിലെ മുതൽ എനിക്ക് ടെൻഷനായിരുന്നു. എല്ലാവരും വന്നിട്ട് അവസാനം അവാർഡ് കിട്ടാതേ പോകോയെന്ന്. സുധാ മാമിന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു അവാർഡ് കിട്ടണമെന്ന്. സുധാ മാം എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ടുമാത്രമാണ് ഇവിടെ നിൽക്കുന്നത്. ഒരു നടിയെന്ന നിലയിൽ വർക്ക് ചെയ്യാനുള്ള സമയം അവർ തന്നു. അതിൽ എനിക്ക് പറ്റുന്ന അത്രയും ഞാൻ ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് വർക്ക് ചെയ്യണമെന്നുണ്ട്.

അപ്രതീക്ഷിതമായി വന്ന ഫീൽഡാണ്. ചേട്ടന് ഇതിനെ പറ്റി വലിയ ധാരണയില്ലെന്ന് പറഞ്ഞതുപോലെ എനിക്കും ഒരു ധാരണയുമുണ്ടായിരുന്നില്ല. ഇനിയും നല്ല കാരക്ടേഴ്‌സ് കൊടുക്കണമെന്നുണ്ട്. എല്ലാവർക്കും നന്ദി. സത്യത്തിൽ ഞാനിപ്പോൾ വേറൊരു ലോകത്താണ്. സാധാരണ തമിഴായിരുന്നില്ല സുരരൈ പോട്രിലേത്. പ്രാദേശികമായി ഒത്തിരി വ്യത്യാസമുള്ള ഭാഷയാണ്. ട്രെയിനിംഗ് നല്ലതുപോലെ ചെയ്താണ് പഠിച്ചെടുത്തത്. ടീം വർക്കിന്റെ എഫേർട്ടാണ് ഈ വിജയം. ഇനിയും ഓഡിഷന് പോകാനും വർക്ക് ഷോപ്പ് അറ്റൻ‌ഡ് ചെയ്യാനും തയ്യാറാണ്. ” അപർണ പറയുന്നു. 2013ൽ ‘മഹേഷിന്റെ പ്രതികാര”ത്തിലൂടെയാണ് അപർണ ബാലമുരളി വെള്ളിത്തിരയിലെത്തുന്നത്. ആ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ അഭിനന്ദനം നേടാൻ അവർക്ക് കഴിഞ്ഞു. പിന്നീട് പല സിനിമകളുടെയും ഭാഗമായെങ്കിലും ആദ്യ ചിത്രത്തിൽ കിട്ടിയതുപോലൊരു കഥാപാത്രത്തെ പിന്നീട് അവതരിപ്പിക്കാനായില്ല.

ആ ഇടയ്‌ക്കാണ് തമിഴിലേക്കുള്ള അപർണയുടെ എൻട്രി. അതും സൂര്യയുടെ നായികയായി. ചെറിയ റോളായിരിക്കുമെന്ന് കരുതിയവർക്കെല്ലാം തെറ്റി,​ ‘സുരരൈ പോട്രി”ൽ പ്രേക്ഷകർ കണ്ടത് അപർണയുടെ മിന്നും പ്രകടനമാണ്. ബഡ്‌ജറ്റ് എയർലൈൻസ് സ്വപ്നം കണ്ട ഭർത്താവിന് എല്ലാവിധ പിന്തുണയും നൽകി കൂടെ നിൽക്കുന്ന ഭാര്യ,​ കൂട്ടത്തിൽ സ്വന്തം ഇഷ്ടങ്ങളെയും കൈവിടാത ചേർത്ത് പിടിക്കുന്നവൾ. ബൊമ്മിയായി മാറാൻ നല്ല പരിശ്രമം തന്നെയാണ് നടത്തിയതെന്ന് ചിത്രം റിലീസായതു മുതൽ അപർണ പറഞ്ഞിരുന്നു. കഥാപാത്രവും സിനിമയും ഹിറ്റായതോടെ മികച്ച തിരക്കഥകൾ തന്നെ തേടി വരാൻ തുടങ്ങിയെന്നും അവർ പറയുന്നു. ഉത്തരം,​ പത്മിനി തുടങ്ങിയവയാണ് മലയാളത്തിൽ അപർണയുടെ പുതിയ ചിത്രങ്ങൾ.