നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് സോണിയ ഗാന്ധി ഇ ഡി ഓഫിസില്‍ നിന്ന് മടങ്ങി. ഇന്ന് മൂന്ന് മണിക്കൂറാണ് സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതില്‍ എതിര്‍പ്പറിയിച്ച് ഇ ഡിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് എം പിമാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി 12 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവിച്ചു. സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യലില്‍ കേരളത്തിലും പ്രതിഷേധം ശക്തമാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രാജധാനി എക്സ്പ്രസ്, ചെന്നൈ മെയില്‍ തുടങ്ങിയ ട്രെയിനുകള്‍ തടഞ്ഞുകൊണ്ടാണ് പ്രതിഷേധം.