ഇന്ന് പലരേയും അലട്ടുന്ന ഗുരുതരമായൊരു ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കഴിക്കുന്നതിനു മുമ്പും കഴിച്ച ശേഷവും അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം.
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാകാം. ജീവിതശൈലിയിലും ഭക്ഷണരീതിയിലും വരുന്ന മാറ്റങ്ങളും, മാനസിക സംഘര്‍ഷവുമൊക്കെ അസിഡിറ്റിക്ക് കാരണം.
വിശക്കുമ്പോള്‍ തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റിയെ ഒഴിവാക്കാൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കി ഇടയ്ക്കിടയ്ക്ക് പഴങ്ങളും നട്സുമൊക്കെ കഴിക്കുന്നത് നല്ലതാണ്.
ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ് നല്ലത്. ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്.
ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കേണ്ടത് പ്രധാനമാണ്.ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും.