തിരുവനന്തപുരം: പാര്‍ട്ടി ഗ്രൂപ്പില്‍ നിന്നും വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് ചോര്‍ന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്കിയെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്. പാര്‍ട്ടിയുടെ ദേശീയ- സംസ്ഥാന നേതൃത്വങ്ങളെ പരാതി അറിയിച്ചു. വിഷയം ഗൗരവത്തോടെ കാണുന്നുവെന്നും കെ എസ് ശബരിനാഥന് പറഞ്ഞു.
ഇടതുപക്ഷത്തിന് വളംവച്ച് കൊടുക്കുന്ന നടപടിയായിപ്പോയി ഇത്. ഉത്തരവാദികള്‍ക്കെതിരെ പാര്‍ട്ടി ശക്തമായ നടപടിയെടുക്കുമെന്നും ശബരിനാഥന് പറഞ്ഞു.
വിമാനത്തിനകത്തെ കൈയേറ്റത്തിനുശേഷം പൊലീസ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയും സിപിഐഎമ്മും പറയുന്നിടത്ത് ഒപ്പിടുന്നവര്‍ മാത്രമായി കേരള പൊലീസ് മാറി. ഉദ്യോഗസ്ഥര്‍ പൂര്‍ണമായും സര്‍ക്കാരിന്റെ ചട്ടുകങ്ങളായി മാറി. വിമാനത്തില്‍ നടന്ന സംഭവത്തില്‍ വലിയ കുറ്റവാളി ഇ പി ജയരാജനാണെന്നും നീതി കിട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ശബരിനാഥന് വ്യക്തമാക്കി.