ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ഇതെതുടര്‍ന്ന് വൻ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. മറ്റന്നാൾ ഇന്ത്യയിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
രാവിലെ പന്ത്രണ്ട് മണിയോടെ ഇഡി ഓഫീസില്‍ സോണിയ ഹാജരാകും. വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും ഓഫീസില്‍ ഹാജരായി മൊഴി നല്‍കാമെന്ന് സോണിയ ഗാന്ധി മറുപടി നല്‍കുകയായിരുന്നു. ഇഡിയുടെ നടപടിക്കെതിരെ പതിവുപോലെ പ്രതിഷേധിച്ച് അറസ്റ്റ് വരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും.
അതേ സമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളിലായി അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.