കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ യൂത്ത്കോണ്‍ഗ്രസുകാര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസെടുക്കാനുള്ള കോടതി നിര്‍ദേശം തിരിച്ചടിയല്ലെന്ന് ഇ.പി ജയരാജന്. എന്തിനും ഏതിനും പരാതിയുമായി നടക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയൊരു പരാതി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക നടപടിയാണിതെന്നും ജയരാജന് പറഞ്ഞു.
കോടതിയിൽനിന്ന് തിരിച്ചടിയേറ്റത് എന്നത് മാധ്യമവ്യാഖ്യാനമാണ്. പ്രതിപക്ഷ നേട്ടമെന്നത് കാര്യം വിലയിരുത്താൻ കഴിയാത്തവരുടെ നിഗമനമാണ്. കോൺഗ്രസുകാർ നിരാശരായി ഓടിച്ചാടി നടക്കുകയാണ്. ഇന്നത്തെ ശരി നാളത്തെ തെറ്റാകാം. തെറ്റ് ചെയ്തിട്ടില്ലാത്തതിനാണ് കേസിനെ ഭയക്കുന്നില്ല. എല്ലാ അന്വേഷണവുമായും സഹകരിക്കും.
‘മജിസ്ട്രേറ്റ് കോടതിയിൽ ഒരു പരാതി ലഭിച്ചാൽ മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തമാണ് ആ കേസ് അന്വേഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിക്കാൻ. അതാണ് ഈ കേസിലും നടന്നത്. രണ്ട് വധശ്രമക്കേസുൾപ്പെടെയുള്ള വ്യക്തിയെ ‘കുഞ്ഞ്’ എന്നാണ് കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിച്ചത്. തെറ്റിനെ മറച്ച് പിടിക്കാനുള്ള ഈ ശ്രമവും, കേസിൽ ആർക്കെല്ലാം പങ്കുണ്ടെന്നതിലും അന്വേഷണം ആവശ്യപ്പെടാനൊരുങ്ങുകയാണ് ഡിവൈഎഫ്ഐയും’- ഇ.പി ജയരാജൻ പറഞ്ഞു.
തെറ്റ് ചെയ്തിട്ടില്ലെന്ന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ഭയമില്ല. അക്രമം നടത്തിയവര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും തനിക്ക് മൂന്നാഴ്ചത്തെ വിലക്കുമാണ് ഇന്‍ഡിഗോ നല്‍കിയിരിക്കുന്നത്. ഇത് ആ കമ്പനിയുടെ നിലവാര തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും ജയരാജന് പറഞ്ഞു.
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ വിമാന പ്രതിഷേധ വിഷയത്തില്‍ ഇ.പി ജയരാജനെതിരേ കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു.വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.