പൃഥ്വിരാജിനെ നായകനാക്കി ഷാജി കെെലാസ് ഒരുക്കിയ മാസ് എന്റർടെയിനറാണ് ‘കടുവ’. ജിനു വി അബ്രഹമിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പൃഥ്വിരാജിനെക്കൂടാതെ സംയുക്ത മേനോൻ, അലെൻസിയർ, ഇന്നസെന്റ്, ഷാജോൺ, ജോയ് മാത്യു, ബൈജു സന്തോഷ്, അർജുൻ അശോകൻ, സുധീർ കരമന, രാഹുൽ മാധവ്, അനീഷ് ജി മേനോൻ, നന്ദു, സീമ, പ്രിയങ്ക നായർ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായിരുന്നു. ഏറെ വിവാദങ്ങൾക്കും നിയമനടപടികൾക്കും ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. പാലാക്കാരനായ കടുവാക്കുന്നേൽ കുര്യച്ചനായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.
തന്റെ കഥയാണ് ‘കടുവ’ എന്ന ചിത്രം പറയുന്നതെന്ന് ആരോപിച്ച് പാലാക്കാരൻ ജോസ് കുരുവിനാക്കുന്നേൽ എന്ന കടുവാക്കുന്നേൽ കുറുവച്ചൻ രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു.ഇപ്പോഴിതാ ‘കടുവ’ കാണാൻ ഈരാറ്റുപേട്ടയിലെ സൂര്യ തിയേറ്റർ സമുച്ചയത്തിൽ ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയിരിക്കുകയാണ്. ചിത്രം റിലീസിനെത്തുന്നത് എതിർത്തിരുന്ന കുറുവച്ചൻ ചിത്രം കാണാൻ എത്തിയത് ആരാധകർക്കും വിരുന്നായി. കുറുവച്ചൻ സിനിമ കാണാൻ എത്തുന്നതിന്റെ വീഡിയോ പൃഥ്വിരാജിന്റെ ഔദ്യോഗിക സിനിമാ മാർക്കറ്റിങ് പേജ് ആയ പൊഫാക്റ്റിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രം കണ്ട ശേഷമുള്ള കുറുവച്ചന്റെ പ്രതികരണം പിന്നെയും ആരാധകരെ ഞെട്ടിച്ചു. സിനിമ അടിപൊളിയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.