ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഉത്തർപ്രദേശ് പൊലീസ് രജിസ്ട്രർ ചെയ്ത ഏഴ് കേസുകളിലും സുപ്രീംകോടതി ഇടക്കാല ജാമ്യം. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.സുബൈറിനെ കസ്റ്റഡിയിൽ വെക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. സുബൈറിന് എതിരായ കേസുകൾ ദില്ലിയിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. ഇന്ന് ആറ് മണിക്കൂറിനുള്ളിൽ സുബൈറിനെ മോചിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
അറസ്റ്റ് ചെയ്യാനുള്ള അധികാരം ഏറ്റവും മിതമായി ഉപയോഗിക്കണമെന്നും കോടതി പരാമര്‍ശിച്ചു. 20000 രൂപ കെട്ടി വെക്കണം. ഇത് കെട്ടി വച്ച ഉടനെ സുബൈറിനെ ജയിൽ മോചിതനാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസുകളില്‍ മുഹമ്മദ് സുബൈറിന് ഉപാധികളോടെ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപയുടെ ആൾജാമ്യം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ ഉത്തർപ്രദേശിലെ കേസുകളിൽജാമ്യം ലഭിച്ചതോടെ മുഹമ്മദ് സുബൈറിന് ഉടന്‍ പുറത്തിറങ്ങാം