ന്യൂഡല്‍ഹി: കേന്ദ്രസർക്കാറിന്റെ പുതിയ പദ്ധതിയായ അഗ്നിപത് പിൻവലിക്കണമെന്ന് എ എം ആരിഫ് എം.പി ലോക്സഭയിൽ. ചട്ടം 377 പ്രകാരം പ്രത്യേക നോട്ടീസ് നൽകിയാണ് എംപി ലോക്സഭയിൽ ആവശ്യം ഉന്നയിച്ചത്.
നാലുവർഷത്തേക്ക് വേണ്ടി മാത്രമായി ഇന്ത്യൻ സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു കേന്ദ്രസർക്കാറിന്റെ പുതിയ പദ്ധതിയാണ് അഗ്നിപത്. അഗ്നിപത് പദ്ധതി രാജ്യത്തെ യുവജനങ്ങളുടെ തൊഴിൽ സ്വപ്നം തന്നെ തകർക്കുന്ന പദ്ധതിയാണെന്നും നാലു വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുമ്പോൾ വിമുക്തഭടൻ മാർക്ക് ലഭിക്കുന്ന പെൻഷനോ, ആരോഗ്യ പരിരക്ഷയോ, ആനുകൂല്യങ്ങളോ ഒന്നും തന്നെ ഈ യുവജനങ്ങൾക്ക് ലഭിക്കുന്നില്ല.
രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്ന സമയത്ത് നാലുവർഷത്തെ സേവനത്തിന് ശേഷം ആയുധം ഉപയോഗിക്കാനുള്ള ലൈസൻസും നേടിയതിനു ശേഷം ഒരു ചെറിയ ശതമാനം ഈ സൈനികർ ഭാവി ഉപജീവനത്തിന് വേണ്ടി തെറ്റായ വഴി തിരഞ്ഞെടുത്തേക്കാം .
സങ്കീർണമായ ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം ലഭിച്ചിട്ടുള്ള ചെറുപ്പക്കാർ തീവ്രവാദ സംഘടനകളിൽ ചെന്ന് പെട്ടാൽ രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമായി മാറാൻ സാധ്യത ഉണ്ടെന്നും അതിനാൽ അഗ്നിപത് പദ്ധതി പിൻവലിച്ചു ഇന്ത്യൻ സൈന്യത്തിലേക്ക് സ്ഥിരം സൈനികരെ നിയോഗിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ആരിഫ് ലോക്സഭയിൽ ആവശ്യപ്പെട്ടു.