ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പയ്യന്നൂരിൽ ആരംഭിച്ചു. വിജയ് ബാബു നിർമിക്കുന്ന പത്തൊൻപതാം ചിത്രമാണിത്. നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബു നിർമിച്ച 18 ചിത്രങ്ങളിൽ 14 ലിലും സംവിധായകർ പുതുമുഖങ്ങളായിരുന്നു.കരിക്ക് ടീമിന്റെ ‘സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ താരമാണ് ആദിത്യൻ. വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘ഹൃദയം’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ആദിത്യൻ ‘ആവറേജ് അമ്പിളി’ എന്ന വെബ് സീരിസ് സംവിധാനം ചെയ്തിട്ടുമുണ്ട്.
സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും സൈജു കുറുപ്പുമാണ് ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപാണ് ചിത്രത്തിലെ നായിക.ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലെത്തുന്ന ഈ കോമഡി ചിത്രത്തിൽ ഇരുപതോളം പുതുമുഖങ്ങളും എത്തുന്നുണ്ട്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.