കൗണ്ടി ക്ലബ് സസക്സിൻ്റെ ക്യാപ്റ്റനായി ഇന്ത്യൻ താരം ചേതേശ്വർ പൂജാര. മിഡിൽസെക്സിനെതിരായ മത്സരത്തിനു മുന്നോടി ആയാണ് പൂജാരയെ ടീം നായകനാക്കിയത്. സ്ഥിരം ക്യാപ്റ്റൻ ടോം ഹൈൻസിനു പരുക്കേറ്റതോടെയാണ് പൂജാരയ്ക്ക് നറുക്കുവീണത്. ടോം ഹൈൻസ് ആറാഴ്ചയോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയെ ഫോമിലേക്ക് തിരികെയെത്താൻ താൻ സഹായിക്കാമെന്ന് മുൻ താരം സുനിൽ ഗവാസ്കർ. കോലിയുമൊത്ത് 20 മിനിട്ട് ലഭിച്ചാൽ തനിക്ക് അദ്ദേഹത്തെ സഹായിക്കാനാവുമെന്ന് ഗവാസ്കർ പറഞ്ഞു. 2019 നവംബറിനു ശേഷം കോലി ഇതുവരെ മൂന്നക്കം കടന്നിട്ടില്ല.
“കോലിക്കൊപ്പം 20 മിനിറ്റ് ലഭിച്ചാൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് എനിക്ക് അദ്ദേഹത്തോട് പറയാൻ കഴിഞ്ഞേക്കും. അത് ചിലപ്പോൾ കോലിയെ സഹായിച്ചേക്കും. ഓഫ് സ്റ്റംപ് ലൈനിൽ വരുന്ന പന്തുകളിൽ കോലി നേരിടുന്ന പ്രശ്നം മറികടക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചേക്കും. ആ പ്രശ്നത്തിൽ ചില കാര്യങ്ങൾ പരീക്ഷിക്കേണ്ടതായും ചെയ്യേണ്ടതായും ഉണ്ട്. ഈ സമയത്ത് എല്ലാ ഡെലിവറിയും കളിക്കാനാവും ബാറ്റർക്ക് തോന്നുക. കാരണം അവർക്ക് റൺസ് കണ്ടെത്തണം. നേരത്തെ കളിക്കാത്ത ഡെലിവറികൾ പോലും കളിക്കാൻ ശ്രമിക്കും.”- ഗവാസ്കർ പറഞ്ഞു.
വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്നാണ് റിപ്പോർട്ട്. ഏറെക്കാലമായി മോശം ഫോമിലുള്ള കോലി ഇടവേളയെടുക്കണമെന്ന് പല മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും കോലി അതിനു തയ്യാറായില്ല. എന്നാൽ, ഇപ്പോൾ കോലി ഇടവേളയെടുക്കാൻ തയ്യാറായെന്നാണ് സൂചന. താരം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ തുടരുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരം അവസാനിച്ചതോടെ താരം ലണ്ടനിൽ തന്നെ തുടർന്നേക്കും. വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ കോലി ഉൾപ്പെട്ടിട്ടില്ല. ഏകദിന പരമ്പരയിൽ നിന്ന് മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിച്ചപ്പോൾ ടി-20 പരമ്പരയിൽ നിന്ന് കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചു. ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്ന കോലി ഓഗസ്റ്റ് ഒന്ന് മുതൽ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്നാണ് വിവരം.