ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ കേന്ദ്രത്തിലെ വിവാദ പരിശോധന അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്. അന്വേഷണ സമിതി ആയൂരിലെ കോളേജ് സന്ദര്‍ശിക്കും. ഈ സമിതി നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും കേസിലെ തുടർനടപടികൾ.
ഇതുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരും വനിതാ ജീവനക്കാരാണ്. അന്വേഷണസംഘം ഇന്നു കോളജിൽ എത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് രണ്ടു കോളജ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായുള്ള ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നു. നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവർ നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു.
അതേസമയം, നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് അധികൃതർ. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന വാദവുമായി പരീക്ഷ സെന്ററായി പ്രവർത്തിച്ച മാർത്തോമാ കോളേജും പരിശോധനയുടെ ചുമതല ഉണ്ടായിരുന്ന ഏജൻസിയും രംഗത്തെത്തി.
കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാർ ആണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പിന്നാലെ വനിതാ കമ്മീഷനും കേസെടുത്തു.