തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായ വധശ്രമകേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്ന് സതീശന് ആരോപിച്ചു.
അധികാരവും പൊലീസും കൈയ്യിൽ ഉള്ളതിനാൽ എന്തും ചെയ്യുന്ന അവസ്ഥയാണ്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന് പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചത് പുറത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ശബരീനാഥന് അറസ്റ്റിലായത്.
മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തില്‍ ‘മാസ്റ്റര്‍ ബ്രെയിന്‍’ ശബരീനാഥന് ആണെന്നും ബുധനാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. വാട്ട്സാപ്പ് സന്ദേശം അയച്ച ഫോണ്‍ ഉടന്‍ ഹാജരാക്കാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ശബരീനാഥന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കും.
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് ശബരീനാഥനെ ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയായിരുന്നു കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. കേസില്‍ നാലാം പ്രതിയാണ് ശബരീനാഥന്.