വെസ്റ്റ് ഇൻഡീസ് താരം ലെൻഡൽ സിമ്മൻസ് വിരമിച്ചു. 37കാരനായ താരത്തിൻ്റെ സ്പോർട്സ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 2006ൽ വിൻഡീസിനായി അരങ്ങേറിയ സിമ്മൻസ് രാജ്യത്തിനായി കളിച്ച മികച്ച താരങ്ങളിൽ ഒരാളായിരുന്നു. കഴിഞ്ഞ ദിവസം വിൻഡീസിൻ്റെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് രാംദിനും കളി മതിയാക്കിയിരുന്നു. വിൻഡീസിനായി എട്ട് ടെസ്റ്റും 68 വീതം ഏകദിനവും ടി-20യും സിമ്മൻസ് കളിച്ചിട്ടുണ്ട്. ടെസ്റ്റ് കരിയറിൽ 278 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. ഏകദിനത്തിൽ 32 ശരാശരിയോടെ 1958 റൺസുള്ള സിമ്മൻസ് ടി-20യിൽ 27 ശരാശരിയോടെ 1527 റൺസും സ്കോർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു സിമ്മൻസിന്റെ അവസാന രാജ്യാന്തര മത്സരം.
ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്റെ ഹോം ഗ്രൗണ്ടായ ഡർഹാമിലാണ് സ്റ്റോക്സിന്റെ അവസാന മത്സരം. ടെസ്റ്റിലും ടി20യിലും സ്റ്റോക്സ് തുടരും.
“ഏകദിനത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു അത്. ഇംഗ്ലണ്ടിനായി കളിക്കുന്ന ഓരോ മിനിറ്റും ഞാൻ ആസ്വദിച്ചു. അവിശ്വസനീയമായ യാത്രയായിരുന്നു. മൂന്ന് ഫോർമാറ്റുകളും കളിക്കുന്നത് ഇനി എനിക്ക് സാധ്യമല്ല. ഏകദിനത്തിൽ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രകടനം നടത്താൻ കഴിയുന്നില്ല. മറ്റ് സഹതാരങ്ങൾ ടീമിൽ ഇടം നേടാൻ അർഹതയുണ്ട്.”
“ഇനി ഞാൻ എന്റെ ശ്രദ്ധ മുഴുവൻ ടെസ്റ്റ് ക്രിക്കറ്റിൽ കേന്ദ്രീകരിക്കും. ജോസ് ബട്ട്ലർ, മാത്യു പോട്ട്, എല്ലാ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും എല്ലാവിധ വിജയാശംസകളും നേരുന്നു. ഒരു മത്സരം കൂടി കളിക്കാനുണ്ട്, എന്റെ ഹോം ഗ്രൗണ്ടായ ഡർഹാമിൽ അവസാന മത്സരം കളിക്കുന്നത് സന്തോഷകരമാണ്. ഇംഗ്ലണ്ടിന്റെ ആരാധകർ എല്ലാ സമയത്തും എന്നോടൊപ്പമുണ്ടായിരുന്നു, അത് ഇനിയും തുടരണം. നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ്.” – ബെൻ സ്റ്റോക്സ് വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു.