വിരാട് കോലി നായകനായ ടീമിൽ താൻ കളിച്ചിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ എന്ന് മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്. ക്രിക്ക്ചാറ്റിൻ്റെ ഷെയർ ചാറ്റ് ഓഡിയോ ചാറ്റ്റൂമിലാണ് ശ്രീശാന്ത് മനസുതുറന്നത്. 2007 ടി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും കളിച്ച ശ്രീശാന്ത് രണ്ട് ടൂർണമെൻ്റുകളും വിജയിക്കുകയും ചെയ്തു. (Sreesanth talks virat kohli)
“ഞാൻ ടീമിലുണ്ടായിരുന്നു എങ്കിൽ 2015, 2019, 2021 വർഷങ്ങളിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ. ഞാൻ മാർഗനിർദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും നന്നായാണ് മുൻപോട്ട് പോകുന്നത്.”- ശ്രീശാന്ത് പറഞ്ഞു.
2007ലെ പ്രഥമ ടി-20 ലോകകപ്പ് ഫൈനലിൽ പാകിസ്താന്റെ അവസാന വിക്കറ്റായ മിസ്ബാഹുൽ ഹഖിന്റെ ക്യാച്ച് നേടിയത് ശ്രീശാന്തായിരുന്നു. ഈ വിക്കറ്റാണ് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചത്. ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 4 ഓവറിൽ വെറും 12 വഴങ്ങി ആദം ഗിൽക്രിസ്റ്റിനെയും മാത്യു ഹെയ്ഡനെയും പുറത്താക്കിയ ശ്രീയുടെ മികവിലാണ് ഇന്ത്യ ഫൈനലിലെത്തിയത്. 2011ലെ ലോകകപ്പ് ഫൈനലിലും ശ്രീ കളിച്ചു. കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് ഒരു ഐസിസി കിരീടം പോലും നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. 2015ൽ ലോകകപ്പിൽ ധോണിയായിരുന്നു നായകൻ. 2019ലും 2021ലും കോലി ഇന്ത്യയെ നയിച്ചു. 2015ലും 19ലും ഇന്ത്യ സെമിയിൽ പുറത്തായപ്പോൾ 2021ൽ ഇന്ത്യയ്ക്ക് സെമിയിൽ എത്താൻ പോലും സാധിച്ചില്ല. 2015ലെ സെമിയിൽ ഓസ്ട്രേലിയയോടും 2019ലെ സെമിയിൽ ന്യൂസിലൻഡിനോടുമാണ് ഇന്ത്യ തോൽവി വഴങ്ങിയത്.