ദുബായ്: യു.കെയിലെ പ്രമുഖ ഇവന്റ് കമ്പനിയായ കൃഷ് മോർഗൻ സംഘടിപ്പിച്ച ” മഞ്ഞിൽ വിരിഞ്ഞ ഇശൽ പൂക്കൾ” കഴിഞ്ഞ ദിവസം അൽ നാസർ ലിഷർ ലാൻഡിൽ വെച്ച് നടന്നു. യു.കെ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കൃഷ് മോർഗ് യുഎഇയിൽ ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ആഘോഷ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത സിനിമാതാരം ശങ്കർ മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ യാബ് ലീഗൽ സർവീസ് സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു.
വൻ താരനിര അണിനിരന്ന ആഹ്ളാദ രാവിൽ ഗാന, നൃത്ത, ഹാസ്യ പരമ്പരകൾ അരങ്ങേറി. ഹാസ്യ സാമ്രാട്ടുകളായ കോട്ടയം നസീറും രമേശ് പിഷാരടിയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ഇവർക്കൊപ്പം ഗായകരായ അഫ്സൽ, രഹന, വൈഷ്ണവ്, റിയാസ് കരിയാട്, ശ്രേയ ജയദീപ്, ഗിരീഷ്, സീരിയൽ താരങ്ങളായ സ്വാസിക, നിഷ സാരംഗ് എന്നിവരും അണിനിരന്നു.