തിരുവനന്തപുരം: തനിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യില്ലെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇന്ന് വിമാനത്തിൽ കയറാതെ ട്രെയിനിലാണ് ജയരാജൻ കണ്ണൂരിലേക്ക് തിരിച്ചത്. താന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാളാണെന്നും കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്നും ജയരാജന് പറഞ്ഞു. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടേ. കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് ഭാര്യ പി കെ ഇന്ദിരയും പറഞ്ഞു.
താൻ നേരത്തെയും ട്രെയിനിലാണ് യാത്ര ചെയ്തുകൊണ്ടിരുന്നത്. കണ്ണൂരിൽനിന്ന് ഒരു വിമാന സർവീസ് വന്നപ്പോൾ അതിൽ യാത്ര ചെയ്യാമെന്ന് കരുതിയാണ് ഇൻഡിഗോയിൽ കയറിയിരുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചവരെ തടഞ്ഞതുമായി ബന്ധപ്പെട്ട് തന്റെ ഭാഗം കേൾക്കാതെയാണ് ഇൻഡിഗോ അധികൃതർ നടപടി സ്വീകരിച്ചത്. തന്നെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. കെ റെയിൽ വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. അതിനായി ഒറ്റക്കെട്ടായി പരിശ്രമിക്കണം. താൻ ഇൻഡിഗോ ബഹിഷ്കരിച്ചത് ജനങ്ങൾ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയില്‍ വന്നാല്‍ യാത്രാസമയത്തിന്റെ കാര്യത്തിലുള്ള ബുദ്ധിമുട്ട് മാറുമല്ലോ എന്ന ചോദ്യത്തിന്-കെ റെയില്‍ വന്നാല്‍ വളരെ വളരെ സൗകര്യമായിരുന്നു എന്നും ഇന്ഡിഗോയുടേയെല്ലാം ആപ്പീസ് പൂട്ടുമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിവീഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ഇ.പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ മൂന്നാഴ്ചയല്ല ഇനി മേലിൽ ഇൻഡിഗോയുടെ വിമാനത്തിൽ കയറില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം.
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമെന്നാണ് ജയരാജന്റെ നിലപാട്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്, നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.