തിരുവനന്തപുരം: മുന്‍മന്ത്രി എം.എം. മണിക്കെതിരേ നടത്തിയ വംശീയ അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ ചിന്തിക്കാതെ പറഞ്ഞുപോയതാണ്. തെറ്റിനെ തെറ്റായി കാണുന്നുവെന്നും ന്യായീകരിക്കാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ എം.എം. മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ചിരുന്നു. മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ച നടപടിയില്‍ മഹിളാ കോണ്‍ഗ്രസ് മാപ്പുപറഞ്ഞുവെങ്കിലും മണിയെ വംശീയമായി അധിക്ഷേപിച്ച് സുധാകരന് രംഗത്ത് വന്നിരുന്നു. മണിയുടെ രൂപം അതുതന്നെയല്ലെ എന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിനെ പിന്തുണച്ച് സുധാകരന് ചോദിച്ചത്.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.
തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.