ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. തിങ്കളാഴ്ച താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ജൂലായ് 19 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങുമെന്ന് സ്റ്റോക്സ് അറിയിച്ചു. അതേസമയം ടെസ്റ്റിലും ടി20യിലും സ്റ്റോക്സ് തുടരും.
മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് ശാരീരിക അസ്വസ്ഥതകളുണ്ടാക്കുന്നുവെന്ന കാരണം നിരത്തിയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്റ്റോക്സിന്റെ ഹോം ഗ്രൗണ്ടായ ഡര്‍ഹാമിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം. 11 വര്‍ഷം നീണ്ട ഏകദിന കരിയറാണ് താരം അവസാനിപ്പിക്കുന്നത്.
❤️🏴 pic.twitter.com/xTS5oNfN2j
— Ben Stokes (@benstokes38) July 18, 2022
“ഏകദിനത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു അത്. ഇംഗ്ലണ്ടിനായി കളിക്കുന്ന ഓരോ മിനിറ്റും ഞാൻ ആസ്വദിച്ചു. അവിശ്വസനീയമായ യാത്രയായിരുന്നു. മൂന്ന് ഫോർമാറ്റുകളും കളിക്കുന്നത് ഇനി എനിക്ക് സാധ്യമല്ല. ഏകദിനത്തിൽ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രകടനം നടത്താൻ കഴിയുന്നില്ല. മറ്റ് സഹതാരങ്ങൾ ടീമിൽ ഇടം നേടാൻ അർഹതയുണ്ട്.”
“ഇനി ഞാൻ എന്റെ ശ്രദ്ധ മുഴുവൻ ടെസ്റ്റ് ക്രിക്കറ്റിൽ കേന്ദ്രീകരിക്കും. ജോസ് ബട്ട്ലർ, മാത്യു പോട്ട്, എല്ലാ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും എല്ലാവിധ വിജയാശംസകളും നേരുന്നു. ഒരു മത്സരം കൂടി കളിക്കാനുണ്ട്, എന്റെ ഹോം ഗ്രൗണ്ടായ ഡർഹാമിൽ അവസാന മത്സരം കളിക്കുന്നത് സന്തോഷകരമാണ്. ഇംഗ്ലണ്ടിന്റെ ആരാധകർ എല്ലാ സമയത്തും എന്നോടൊപ്പമുണ്ടായിരുന്നു, അത് ഇനിയും തുടരണം. നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ്.” – ബെൻ സ്റ്റോക്സ് വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു.
ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഫൈനലില്‍ താരമായത് സ്റ്റോക്സായിരുന്നു. സ്റ്റോക്സിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായാണ് 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ തകര്‍ത്ത് കിരീടം നേടിയത്. ഫൈനലില്‍ പുറത്താവാതെ 84 റണ്‍സാണ് സ്റ്റോക്സ് നേടിയത്.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന് കൂടിയായ സ്റ്റോക്സ് 104 ഏകദിന മത്സരങ്ങളില്‍ ഇംഗ്ലണ്ട് കുപ്പായമണിഞ്ഞു. 2919 റണ്‍സും 104 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.