തിരുവനന്തപുരം: എന്ഫോഴ്സ്മെന്റിന് മുന്നില് ഹാജരാകാന് നേരമില്ലെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്ക്. ഉച്ചയ്ക്ക് ശേഷം ഇ മെയിൽ വഴിയാണ് ഇഡി നോട്ടീസ് ലഭിച്ചത്. ഇഡി എന്ത് അന്വേഷിക്കാനാണ്, എന്താണ് കണ്ടെത്തിയത് എന്ന് മനസിലാകുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇഡിയെ തനിക്ക് പേടിയില്ല. ഇഡിയെ ബിജെപി ആയുധമാക്കുകയാണ്. ബിജെപിക്ക് കേരളത്തിലെ വികസനം ഇഷ്ടപ്പെടുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണം വെറും രാഷ്ട്രീയം മാത്രമാണ്. ഇതിനെ ശുദ്ധ അസംബന്ധമായി കണ്ടാൽ മതി. ബിജെപിക്ക് കേരളത്തിലെ വികസനം ഇഷ്ടപ്പെടുന്നില്ല. ഇതിനാലാണ് ഇഡിയുമായി രംഗത്തിറിങ്ങിയിരിക്കുന്നതെന്നും ഐസക്ക് പറഞ്ഞു.
കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് ഐസക്കിനുള്ള ഇഡി നിർദ്ദേശം. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി ഇ.ഡി പ്രവർത്തിക്കുകയാണെന്ന് തോമസ് ഐസക് ആരോപിച്ചു. കേരളം ലക്ഷ്യമിട്ട് ബിജെപിക്ക് പ്ലാൻ ഉണ്ടാകണം. അതിന്റെ അരങ്ങ് ഒരുക്കലാണിത്. 700 മില്യൺ ഡോളറിൽ താഴെയുള്ള മസാലബോണ്ടുകൾ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാകും. വിവാദങ്ങൾ ഉണ്ടായപ്പോൾ റിസർവ് ബാങ്ക് ചട്ടം മാറ്റിയെന്നും അതിന് മുമ്പ് വായ്പ എടുത്തിരുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി.
ഇ.ഡി ഇന്ന് വിളിച്ച് നാളെ ചെല്ലാൻ പറഞ്ഞാൽ നടക്കില്ലെന്നും തോമസ് ഐസക് അറിയിച്ചു. വിഷയം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും തോമസ് ഐസക് വിശദമാക്കി. തന്നോട് അക്കൗണ്ട് ബുക്കുകളുമായി ഹാജരാകണമെന്നാണ് നോട്ടീസിൽ പരാമർശിച്ചിരിക്കുന്നതെന്നും തോമസ് ഐസക് അറിയിച്ചു.
കിഫ്ബി പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടെന്നുള്ള സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് അറിയുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്ന് പണം സ്വന്തമാക്കിയെന്നും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിൽ ക്രമക്കേടുണ്ടെന്നുമാണ് കിഫ്ബിക്കെതിരെ ഉയർന്നിരിക്കുന്ന കുറ്റങ്ങൾ. എന്നാൽ, കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും പൊക്കിക്കൊണ്ടുവന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഐസക് ആരോപിച്ചു.
നാളെ ഇ.എം.എസ് അക്കാദമിയിൽ ക്ലാസുള്ളതിനാൽ നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ.ഡിയുടെ സമൻസ് കുറച്ചുമുൻപ് ഇ-മെയിലിലാണ് ലഭിച്ചിരിക്കുന്നതെന്ന് ഐസക് പറഞ്ഞു. ഈ മാസം 13ന് സ്പീഡ് പോസ്റ്റ് വഴി സമൻസ് അയച്ചിരുന്നുവെന്നും ഇ.ഡി ചില പത്രക്കാർക്ക് സമൻസ് ലീക്ക് ചെയ്തുനൽകിയപ്പോഴും തനിക്കതു ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ”ഇ.ഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തുകഴിഞ്ഞുവെന്നാണ് എന്റെ ധാരണ. സി.എ.ജിയും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും ഇ.ഡിയും ഒത്തുചേർന്നാണല്ലോ കെണിയൊരുക്കാൻ നോക്കിയത്. ഒന്നും നടന്നില്ല.”-ഐസക് ഫേസ്ബുക്കിൽ കുറിച്ചു.