തനിക്കും ഭാര്യയ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് നടൻ ബാബുരാജ്. നിർമാതാവിന്റെ പരാതി വ്യാജമാണെന്നും ഷൂട്ടിംഗ് ചെലവിലേക്ക് എൺപത് ലക്ഷത്തിൽ താഴെ മാത്രമാണ് നൽകിയതെന്നും നടൻ പ്രതികരിച്ചു. 2017ലുള്ള ഇത്തരം കേസുകൾ കുത്തിപ്പൊക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ അറിയാമെന്നും, ആകാശം ഇടിഞ്ഞുവീണാലും നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നും ബാബുരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
‘ഡിനു തോമസ് സംവിധാനം ചെയ്ത് റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ “OMR productions 2017” ൽ പുറത്തിറക്കിയ “കൂദാശ” സിനിമയുടെ ഷൂട്ടിംഗ് മൂന്നാർ വച്ചാണ് നടന്നത്. താമസം, ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴി ആണ്. ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചിലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല. താമസം ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല. എല്ലാം റിലീസിന് ശേഷം എന്നായിരുന്നു പറഞ്ഞത്. നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ clearence സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എന്റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്തു.
കൂടാതെ കേരളത്തിൽ ഫ്ലക്സ് ബോർഡ് വെക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാക്കുകയും ചെയ്തു. സാറ്റ്ലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു എന്നാൽ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ SP ഓഫീസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പൊലീസ് സ്റ്റേഷനിൽ വന്നില്ല. സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ്. കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ details കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ളിക്കേസ്. ആണ് അതിനു എതിരെ ഞാൻ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം… ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ “നിലപാടുകളിൽ “ഞാൻ ഉറച്ചു നില്കും’.
കൂദാശ എന്ന സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് 3.14 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച് തിരുവില്വാമല സ്വദേശി റിയാസാണ് താരദമ്പതികൾക്കെതിരെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയത്. ചിത്രം റിലീസ് ചെയ്ത ശേഷം, നൽകിയ പണവും ലാഭവിഹിതവും തരാമെന്നായിരുന്നു ബാബുരാജിന്റെയും, വാണി വിശ്വനാഥിന്റെയും വാഗ്ദ്ധാനമെന്നും, എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്നുമാണ് റിയാസിന്റെ ആരോപണം.