തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി ബാധിച്ച് മരണം. കിളിമാനൂര്‍ സ്വദേശിയായ 11കാരൻ സിദ്ധാര്‍ഥ് ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് സിദ്ധാര്‍ഥിനെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് മരണം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ് ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്. നേരത്തെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലും വര്‍ക്കലയിലും ചെള്ളുപനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 253 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ മാസം മാത്രം 70പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.