ജിഎസ്ടി ഏർപ്പെടുത്തിയ പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ.ഇതോടെ ഇന്നുമുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും. പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് ഉൾപ്പടെ വില വർധിക്കുന്ന സാഹചര്യത്തിൽ മറ്റ് ചില വസ്തുക്കൾക്കും സേവനങ്ങൾക്കും വില കുറയും.
ഇതുവരെ നികുതി ഇല്ലായിരുന്ന പാൽ ഉത്പന്നങ്ങൾക്ക്അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ന് മുതൽ വില കൂടും. പാക്കറ്റിലുള്ള തൈര്, മോര്, ലസി തുടങ്ങിയവയ്ക്കാണ് വില കൂടുന്നത്. ഫ്രോസൺ അല്ലാത്ത പ്രീ പാക്ക് ചെയ്ത മാംസം, മീൻ, തേൻ, ശർക്കര എന്നിവയ്ക്കും വില കൂടും.
നേരത്തെ ബ്രാൻഡഡായി വിൽക്കുന്ന ചില ഉത്പന്നങ്ങൾക്ക് മാത്രമാണ് നികുതി ഏർപ്പെടുത്തിയിരുന്നത്. ഇത് നികുതി വെട്ടിപ്പിന് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് എല്ലാത്തരം ഉത്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തിയത്. ബാങ്ക് നൽകുന്ന ചെക്ക് ബുക്കിന് 18 ശകമാനമാക്കി ജിഎസ്ടി ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ചില്ലറയായി തൂക്കി വിൽക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്ക് നികുതി ബാധകമല്ലെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങൾ എന്നറിയപ്പെടുന്നത്. നികുതി ബാധകമല്ലാത്ത ഉത്പന്നങ്ങൾക്ക് വില കൂട്ടിയാൽ കർശന നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
ദിവസം 1000 രൂപയിൽ താഴെയുള്ള ഹോട്ടൽമുറി വാടകയിൽ 12% നികുതി, ബിസിനസ് സ്ഥാപനങ്ങൾക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി, എൽഇഡി ലാംപ്, ലൈറ്റ്, വാട്ടർ പമ്പ്, സൈക്കിൾ പമ്പ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, കട്ടിങ് ബ്ലേഡുകളുള്ള കത്തികൾ, പേപ്പർ മുറിക്കുന്ന കത്തി, പെൻസിൽ ഷാർപ്നറും ബ്ലേഡുകളും, സ്പൂൺ, ഫോർക്ക് തുടങ്ങിയവയ്ക്ക് 18ശതമാനം എന്നിങ്ങനെയാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത് .