രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎ സ്ഥാനാർഥിയായി ദ്രൗപദി മുർമുവും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി യശ്വന്ത് സിൻഹയുമാണ് മത്സരിക്കുന്നത്. പാർലമെന്റിലെ ഒന്നാം നിലയിലുള്ള 63-ാം നന്പർ മുറിയിൽ രാവിലെ പത്തിന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിൽ ഇരു സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വോട്ടു രേഖപ്പെടുത്തും. പാർലമെന്റ് അംഗങ്ങൾക്ക് പുറമേ എംഎൽഎമാരും സംസ്ഥാന നിയമസഭാ മന്ദിരങ്ങളിൽ വോട്ടെടുപ്പിൽ പങ്കെടുക്കും.
പാർലമെന്റിന്റെ ഇരു സഭകളിലെയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജിൽ 4,896 അംഗങ്ങളുണ്ട്. ഇതിൽ ലോക്സഭയിൽ നിന്നുള്ള 543 എംപിമാർക്കും 233 രാജ്യസഭാ എംപിമാർക്കും പുറമേ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 4,120 എംഎൽഎമാരും ഉൾപ്പെടുന്നു. ജമ്മു കാഷ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർലമെന്റ് അംഗത്തിന്റെ വോട്ടിന്റെ മൂല്യം ഇത്തവണ 708ൽ നിന്ന് 700 ആയി കുറഞ്ഞിട്ടുണ്ട്.