തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കാറ്റോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ നാളെ ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കാറ്റ് മൂലമുള്ള അപകടങ്ങളെ കരുതിയിരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
അതേസമയം നേരത്തെ പുറപ്പെടുവിച്ച പ്രകാരം 9 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ. കുറ്റ്യാടി, മൂഴിയാർ. പൊന്മുടി തുടങ്ങിയ വൈദ്യുതി അണക്കെട്ടുകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. പെരിങ്ങൽക്കുത്ത് അണക്കെട്ട്, മീങ്കര ജലസേചന അണക്കെട്ട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
നെയ്യാർ, മംഗലം ജലസേചന അണക്കെട്ടുകളിൽ ബ്ലൂ അലെർട്ടാണ് പ്രഖ്യാപിച്ചത്. മലങ്കര, ശിരുവാണി, കുറ്റ്യാടി, കല്ലട, കാരാപ്പുഴ, കാഞ്ഞിരപ്പുഴ, പീച്ചി, മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളിൽ നിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ട്. അതിനാല്‍ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
17-07-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
18-07-2022: ഇടുക്കി, മലപ്പുറം, കാസർകോട്
19-07-2022: ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്
20-07-2022: പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കർണാടക തീരത്ത്17-07-2022 മുതൽ 18-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കർണാടക തീരത്ത് 17-07-2022 മുതൽ 18-07-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.