ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ ബോക്സ്ഓഫിസിൽ വൻ വിജയമായിരുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയേറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. റിലീസ് ചെയ്ത മാർച്ച് 25 ന് തന്നെ ചിത്രം ആദ്യ റെക്കോർഡ് ഭേദിച്ചികൊണ്ട് 132.30 കോടി നേടി. ആദ്യ വാരമായപ്പോഴേക്കും അത് 341.20 കോടിയായി. ആ വാരാന്ത്യത്തിൽ ആദ്യ ഓപ്പണിംഗ് റെക്കോർഡ് നേടിയ ഹോളിവുഡ് ചിത്രം ബാറ്റ്മാനെ പിറകിലാക്കി 467 കോടിയുമായി ആർആർആർ മുന്നേറി.
ലോകമെമ്പാടും 1150 കോടിയിലധികം രൂപയാണ് രാജമൗലിയുടെ ഇതിഹാസ ആക്ഷൻ ഡ്രാമ വാരികൂട്ടിയത്. തിയേറ്ററിൽ നിന്ന് ഒടിടിയിലേക്ക് മാറുമ്പോഴേക്കും സിനിമ ഉണ്ടാക്കിയ തരംഗത്തിന്റെ ശക്തി വർധിക്കുകയാണ് ചെയ്തത്. റിലീസ് ചെയ്ത മുതൽ സിനിമാ രംഗത്തു നിന്നും നിരവധിപേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. രാം ചരണും ജൂനിയർ എൻ.ടി.ആറും ഒന്നിച്ചഭിനയിച്ച ചിത്രം പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ആരാധകരെ നേടിയിരുന്നു. ഇപ്പോൾ ഇതാ രാജമൗലിയെയും ടീമിനെയും തേടി കടൽകടന്ന് വീണ്ടും ഒരു അഭിനന്ദനം എത്തിയിരിക്കുകയാണ്. ആർആർആറിനെ ആരാധിക്കുന്ന ഏറ്റവും പുതിയ ഹോളിവുഡ് സെലിബ്രിറ്റിയാണ് ഡോക്ടർ സ്ട്രേഞ്ച് സംവിധായകൻ സ്കോട്ട് ഡെറിക്സൺ.