ശ്രീലങ്കൻ പ്രതിസന്ധി ചർച്ച ചെയ്യാൻ വീണ്ടും സർവകക്ഷിയോഗം വിളിച്ച് കേന്ദ്രം. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ ഡിഎംകെയും, എഐഎഡിഎംകെയും ശ്രീലങ്കൻ വിഷയം ഉന്നയിച്ചിരുന്നു. ശ്രീലങ്കയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ എൻഡിഎ ഘടകകക്ഷി ഡിഎംകെ നേതാവ് എം തമ്പിദുരൈ പറഞ്ഞു.
രാഷ്ട്രം അഭിമുഖീകരിക്കുന്ന സാഹചര്യം നേരിടാൻ ഇന്ത്യയുടെ ഇടപെടൽ പാർട്ടി നേതാവ് ടിആർ ബാലുവും ആവശ്യപ്പെട്ടു. ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയെ തടസ്സപ്പെടുത്തുന്ന കടുത്ത വിദേശനാണ്യ ക്ഷാമം മൂലം ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.