കോഴിക്കാട്: യന്ത്രത്തകരാറിനെ തുടർന്ന് ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി. എയർ അറേബ്യയുടെ വിമാനമാണ് രാത്രി നിലത്തിറക്കിയത്.
ഷാർജയിൽനിന്നു 222 യാത്രക്കാരും ഏഴു ജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യ ജി9 – 426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി തിരിച്ചറിയുകയായിരുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41നു സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
7.13നു ലാൻഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാൻഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിലായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.