2018ല്‍ ഹിന്ദു ദൈവത്തിനെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം.ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. മറ്റ് കേസുകളില്‍ ഇളവ് ലഭിക്കുന്നതുവരെ മുഹമ്മദ് സുബൈര്‍ കസ്റ്റഡിയില്‍ തുടരും.യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സുബൈര്‍ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ കേസുകള്‍ അന്വേഷിക്കാന്‍ യുപി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെയും സുബൈര്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.താന്‍ ആദ്യം അറസ്റ്റിലായ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനൊപ്പം മറ്റ് കേസുകളും ഒന്നിച്ചുചേര്ക്കണമെന്ന് സുബൈര്‍ ആവശ്യപ്പെട്ടു. ആറ് കേസുകളിലും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞു.
2018ലെ ഒരു ട്വീറ്റിലൂടെ മതവികാരം വൃണപ്പെടുത്തിയെന്ന പരാതിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 27നാണ് മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. സീതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയെങ്കിലും മറ്റുകേസുകള്‍ കാരണം സുബൈര്‍ ജയിലില്‍ തുടരുകയാണ്.
മുഹമ്മദ് സുബൈറിനെതിരെ തെളിവുകള്‍ നശിപ്പിച്ചതിന് സെക്ഷന്‍ 201 , ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 120 ബി , വിദേശ സംഭാവനകള്‍ സ്വീകരിച്ചതിന് ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ടിന്റെ (എഫ്സിആര്‍എ) സെക്ഷന്‍ 35 എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഐപിസി സെക്ഷന്‍ 153 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കല്‍), 295 എ (ഏതു വിഭാഗത്തിന്റെയും മതവികാരങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) എന്നീ വകുപ്പുകളാണ് ആദ്യം ചുമത്തിയത്.